ന്യൂഡൽഹി: ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തുള്ള വിജയ് നഗറിലെ കടയിൽ പശുമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം കടയുടമയെ ക്രൂരമായി മർദിച്ചു. കടയിൽനിന്നു മാംസം വാങ്ങിയ 15കാരൻ കടയിൽ വിൽക്കുന്നതു പശുമാംസമാണെന്നു പോലീസിൽ പരാതി നൽകിയിരുന്നു. ഈ വിവരം പുറത്തറിഞ്ഞതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്കു മുന്നിൽ ആളുകളെത്തി കടയുടമയായ ചമൻ കുമാറിനെ മർദിച്ചത്. പരുക്കേറ്റയാൾ ആശുപത്രിയിലാണ്.
അതേസമയം, കടയിൽനിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയുടമയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച വിദ്യാർഥികളേയും ആൾക്കൂട്ടം ആക്രമിച്ചതായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ആരോപിച്ചു. കടയുടെ പരിസരത്തു താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ നിന്നുമുള്ള വിദ്യാർഥികളുടെ ഫ്ലാറ്റുകൾ റെയ്ഡ് ചെയ്യണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ വിദ്യാർഥികളുടെ ബാഗുകൾ തുറന്നു പരിശോധിക്കണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.
വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് മോഡൽ ടൗൺ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു. വിദ്യാർഥികളുടെയും കടയുടമയുടെ കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പോലീസ് ഉറപ്പു നൽകിയിട്ടുണ്ടെന്നും സൂരജ് പറഞ്ഞു.