"ആശുപത്രിയിൽ വെടിവെപ്പ്, ജനാലയ്ക്കരികിൽ നിന്ന ഞങ്ങൾക്കു നേരെയും വെടിയുതിർത്തു, 20 ഗർഭിണികളെ പാൻട്രിയിലേക്ക് മാറ്റി, മൊബൈൽ ഫോണുകളും ലൈറ്റുകളും ഓഫ് ചെയ്‌തു" ; മുംബൈ ഭീകരാക്രമണത്തെ കുറിച്ച് നേഴ്‌സ് | Mumbai terror attack

രക്തസമ്മർദമുള്ള ഗർഭിണിക്കു പ്രസവവേദന, അവരെ സുരക്ഷിതമായി പ്രസവമുറിയിലെത്തിച്ചു, അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, ആ രാത്രിയുടെ ഓർമ്മയ്ക്കായി ‘ഗോളി’ എന്ന് കുട്ടിക്ക് പേരിട്ടു.
Nurse
Published on

മുംബൈ: ഭീകരാക്രമണത്തിനിടെ നടന്ന സംഭവങ്ങൾ തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് നേഴ്‌സ്. മുംബൈയിലെ കാമ ആശുപത്രിയിലെ നഴ്‌സായ അഞ്ജലി കുൽത്തെയാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭീകരാക്രമണത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. ഭീകരാക്രമണത്തിനിടെ, കാമ ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 ഗർഭിണികളെ രക്ഷിക്കുകയും ഉയർന്ന രക്തസമ്മർദമുള്ള ഒരു ഗർഭിണിക്ക് സുരക്ഷിതമായ പ്രസവം ഉറപ്പാക്കുകയും ചെയ്തു അഞ്ജലി കുൽത്തെ.

‘‘നവംബർ 26ന് രാത്രി 9.30 ഓടെയാണ് സിഎസ്ടി റെയിൽവേ സ്റ്റേഷൻ ആക്രമിച്ച ഭീകരർ കാമ ആശുപത്രിയിലേക്കു നീങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയുടെ പിൻഭാഗത്തുള്ള ഒരു ലെയിനിൽനിന്നു വെടിയൊച്ചകൾ കേട്ടു. ജനാലയിലൂടെ നോക്കിയപ്പോൾ രണ്ടു ഭീകരർ ഓടുന്നതും പൊലീസ് അവർക്കു നേരെ വെടിയുതിർക്കുന്നതും കണ്ടു. തുടർന്നു ഭീകരർ ഗേറ്റ് കടന്ന് ആശുപത്രി വളപ്പിലേക്കു കയറി. രണ്ടു സുരക്ഷാ ജീവനക്കാർക്കു നേരെ വെടിയുതിർത്തു. ജനാലയ്ക്കരികിൽ ഞങ്ങളെ കണ്ടതോടെ അവർ ഞങ്ങൾക്കു നേരെയും വെടിയുതിർത്തു. ഒപ്പമുണ്ടായിരുന്ന ഒരു നഴ്സിനു പരുക്കേറ്റു. ഉടൻ തന്നെ ഞാൻ അവളെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. തീവ്രവാദികൾ ആശുപത്രിയിൽ പ്രവേശിച്ചുവെന്ന് ഞാൻ എല്ലാവരോടും വിളിച്ചു പറഞ്ഞു." – അഞ്ജലി കുൽത്തെ പറഞ്ഞു.

‘‘കാഷ്വാലിറ്റിയിൽനിന്നു തിരിച്ചെത്തിയ ഞാൻ വാർഡിന്റെ പ്രധാന വാതിലുകൾ അടച്ചു. 20 ഗർഭിണികളാണ് അവിടെ ഉണ്ടായിരുന്നത്. ഓരോരുത്തരെയായി പാൻട്രിയിലേക്ക് കൊണ്ടുപോയി. മൊബൈൽ ഫോണുകളും ലൈറ്റുകളും ഓഫ് ചെയ്‌തു. മുറി മുഴുവൻ ഇരുട്ടായിരുന്നു. താമസിയാതെ, രക്തസമ്മർദമുള്ള ഗർഭിണിക്കു പ്രസവവേദന തുടങ്ങി. ഭീകരർ ആശുപത്രിയിൽ എത്തിയതിനാൽ ഡോക്ടർ വാർഡിലേക്കു വരാൻ വിസമ്മതിച്ചു. അതിനിടെ ആശുപത്രിക്കുള്ളിൽ വെടിവയ്പ്പ് രൂക്ഷമായി. തുടർന്ന് ഗർഭിണിയെ പടിക്കെട്ടിലൂടെ പ്രസവമുറിയിലേക്കു കൊണ്ടുപോയി. രാവിലെയോടെ അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആ രാത്രിയുടെ ഓർമ്മയ്ക്കായി ‘ഗോളി’ എന്ന് ആ കുഞ്ഞിനു പേരിട്ടു. ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല ആ രാത്രി.’’ – അഞ്ജലി കുൽത്തെ പറഞ്ഞു.

രണ്ടു സുരക്ഷാ ജീവനക്കാർക്കു പുറമേ, ഒരു ആശുപത്രി ജീവനക്കാരനും കാമ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com