ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പുറത്തുവിട്ടു. ഭീകരർ ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ആക്രമണത്തിനായി ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ ഗൂഢാലോചന നടന്നതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.(Shocking details emerge in Delhi blast, death toll rises to 15)
ചാവേറായ ഉമർ, ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നതിനെക്കുറിച്ചും എൻഐഎ അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് എൻഐഎ കൂടുതൽ അറസ്റ്റുകളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ കശ്മീർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി.
ജസീർ ബീലാൽ വാണി (ഡാനിഷ്) ഡ്രോണുകളിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകി. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ ഇയാൾ പദ്ധതി തയ്യാറാക്കിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശ്രീനഗറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡോക്ടർ ഷഹീൻ ഷാഹിദ് എന്ന അറസ്റ്റിലായ വനിതാ ഡോക്ടർക്ക് ഭീകര സംഘടനയായ ലഷ്കർ എ തയ്ബയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ ഷഹീൻ രണ്ട് വർഷം സൗദി അറേബ്യയിൽ കഴിഞ്ഞിരുന്നതായും തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും യാത്ര ചെയ്തിരുന്നതായും വിവരമുണ്ട്.
നേരത്തെ അറസ്റ്റിലായ അമീർ റാഷിദ് അലിയെ കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇയാളെ കശ്മീരിലെത്തിച്ച് വിശദമായ അന്വേഷണം നടത്തും.
ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ കണ്ണികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് എൻഐഎ സംഘം.