
ഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവജി പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ് ഇൻഡ്യാ സഖ്യം . പ്രതിമ തകർന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിമയുടെ തകർച്ച ഷിൻഡെ സർക്കാരിനും തിരിച്ചടിയായി.
ഷിൻഡെ സർക്കാരിന്‍റെ അഭിമാന പദ്ധതിയെന്ന നിലയിൽ അവതരിപ്പിച്ച ശിവജി പ്രതിമ , തകർന്ന് വീണത് മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ വിവാദത്തിനാണു വഴിവെച്ചത്. സർക്കാരിന്‍റെ അഴിമതിയുടെ നേർക്കാഴ്ചയാണ് ഇതെന്ന് പ്രതിപക്ഷം വിമർശിച്ചു. ശിവസേന നേതാവ് ആദിത്യ താക്കറെയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നു. സ്മാരകങ്ങൾ പോലും സർക്കാരിന്‍റെ അഴിമതിക്ക് ഇരയാകുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതെ സമയം പ്രതിമ തകർന്നതിന്‍റെ ഉത്തരവാദിത്തം നാവികസേനയുടെ തലയിൽ വെച്ച് മുഖം രക്ഷിക്കാൻ ആണ് ബി.ജെ.പിയുടെ ശ്രമം. പ്രതിമയുടെ രൂപകൽപനയും നിർമാണവും നാവിക സേനയാണ് നിർവഹിച്ചത്.