

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ കൃത്രിമമായി നിർമ്മിച്ച (AI-generated) അശ്ലീല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. തന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അദ്വൈത് സേത്‌നയുടെ ബെഞ്ച് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പ്രഥമദൃഷ്ട്യാ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ദൃശ്യങ്ങൾ നടിയുടെ പ്രതിച്ഛായയെയും കീർത്തിയെയും സാരമായി ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
നടിയുടെ ശബ്ദവും ശരീരഭാഷയും എഐ ടൂളുകൾ ഉപയോഗിച്ച് ക്ലോൺ ചെയ്ത് മോർഫ് ചെയ്ത ദൃശ്യങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിച്ചതിനെതിരെ കോടതി കർശന നിലപാടെടുത്തു.ശിൽപയുടെ പേരോ ശബ്ദമോ ചിത്രമോ അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് വെബ്സൈറ്റുകളെയും വ്യക്തികളെയും കോടതി വിലക്കിയിട്ടുണ്ട്.
2023-ൽ പുറത്തിറങ്ങിയ 'സുഖി' എന്ന ചിത്രത്തിലാണ് ശിൽപ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ വലിയൊരു പ്രോജക്റ്റിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് താരം. 2026-ൽ പുറത്തിറങ്ങുന്ന 'കേഡി: ദി ഡെവിൾ' എന്ന കന്നഡ പാൻ-ഇന്ത്യൻ ചിത്രത്തിൽ ശിൽപ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധ്രുവ സർജ നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, നോറ ഫത്തേഹി എന്നിവരും അണിനിരക്കുന്നു.