വധശിക്ഷാ വിധി തട്ടിപ്പ്, ഷെയ്ഖ് ഹസീനയെ കൈമാറിയേക്കില്ല: കരുതലോടെ ഇന്ത്യ | Sheikh Hasina

ആവശ്യമുണ്ടെങ്കിൽ ഹസീനയെ കൈമാറാൻ കഴിയില്ലെന്ന നിലപാട് ഇന്ത്യ ബംഗ്ലാദേശിനെ അറിയിക്കും
Sheikh Hasina may not be extradited to Bangladesh,  India cautious on it's actions
Published on

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിക്കൊണ്ടുള്ള കോടതി വിധി ഒരു തട്ടിപ്പാണെന്ന നിലപാടിൽ ഇന്ത്യ. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയുമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(Sheikh Hasina may not be extradited to Bangladesh, India cautious on it's actions )

ആവശ്യമുണ്ടെങ്കിൽ ഹസീനയെ കൈമാറാൻ കഴിയില്ലെന്ന നിലപാട് ഇന്ത്യ ബംഗ്ലാദേശിനെ അറിയിക്കും. രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

നിലവിലെ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനെ ഇടയാക്കൂ എന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യ കരുതലോടെയാണ് നീങ്ങുന്നത്.

പ്രശ്ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.

വധശിക്ഷാ വിധിക്ക് പിന്നാലെ ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യക്കുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. ഇന്ന് അല്ലെങ്കിൽ നാളെ രേഖാമൂലം ആവശ്യം ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം ഇരു 'കുറ്റവാളികളെയും' കൈമാറണം എന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അഭയം നൽകുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നൽകി.

ഷെയ്ഖ് ഹസീനയെ വധശിക്ഷക്ക് വിധിച്ച കോടതി ഉത്തരവിന് പിന്നാലെ ബംഗ്ലാദേശിൽ അക്രമണം വ്യാപകമാണ്. രണ്ടു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർത്ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ഹസീനക്ക് വധശിക്ഷ വിധിച്ചത്. നവംബർ 18-നകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഉത്തരവ്. നിലവിൽ ഓഗസ്റ്റ് മുതൽ രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന ഡൽഹിയിലെ ഒരു സൈനിക താവളത്തിൽ കഴിയുന്നതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com