
ബീഹാർ : ഭർതൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി സ്വന്തം അനന്തരവനോടൊപ്പം ഒളിച്ചോടി വിവാഹിതയായി. ബിഹാറിലെ ബങ്കയിൽ, അമർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രഘുനാഥ്പൂർ ഗ്രാമത്തിലാണ് സംഭവം. ഒരു ക്ഷേത്രത്തിൽ വച്ച് യുവതി തന്റെ അനന്തരവനെ വിവാഹം കഴിച്ചു, തുടർന്ന് വിവാഹ ഫോട്ടോകൾ ഭർത്താവിന് വാട്ട്‌സ്ആപ്പിൽ അയച്ചു. ഫോട്ടോകൾ കണ്ട ശേഷം ഭർത്താവ് പോലീസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
രഘുനാഥ്പൂർ ഗ്രാമവാസിയായ ശിവം കുമാർ 2014 ൽ പൂനം കുമാരിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 10 വയസ്സുള്ള ആകാശ് കുമാറും 8 വയസ്സുള്ള ഋഷി കുമാറും എന്ന രണ്ട് ആൺമക്കളുണ്ടായിരുന്നു. ഗോഗ്രി ജമാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭൂരിയ ദിയാരയിൽ താമസിക്കുന്ന ബന്ധുവായ അങ്കിത് കുമാർ പലപ്പോഴും ഇവരുടെ വീട്ടിൽ വരാറുണ്ടെന്ന് ശിവം പറയുന്നു. ഈ സമയത്ത്, പൂനത്തിനും അങ്കിതിനുമിടയിൽ ഒരു പ്രണയബന്ധം വളർന്നു.
ഭർത്താവ് ജോലിക്ക് പോയിരിക്കുമ്പോൾ പൂനം പലപ്പോഴും അങ്കിതിനെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. രണ്ട് ദിവസം മുമ്പ്, ആരെയും അറിയിക്കാതെ അവൾ രണ്ട് കുട്ടികളുമായി വീട് വിട്ടുപോയി. ശിവം ഭാര്യയെയും കുട്ടികളെയും അന്വേഷിക്കുന്നതിനിടെ, തിങ്കളാഴ്ച രാത്രി, പൂനത്തിന്റെ മൊബൈലിൽ നിന്ന് വാട്ട്‌സ്ആപ്പിൽ വിവാഹത്തിന്റെ ഒരു സന്ദേശവും ചിത്രങ്ങളും വന്നു.പൂനവും അങ്കിതും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുന്നതായിരുന്നു ചിത്രം. കുറച്ച് സമയത്തിന് ശേഷം പൂനം വിളിച്ച് താൻ അങ്കിതിനെ വിവാഹം കഴിച്ചതായി പറഞ്ഞു. കുട്ടികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവം കുമാർ അമർപൂർ പോലീസ് സ്റ്റേഷനിൽ പാരാതി നൽകി. പൂനവും അങ്കിതും കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതിയിൽ ആരോപിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.