
ന്യൂഡൽഹി: സെൽഫി എടുക്കാനെത്തിയ യുവാവിനെ എംപിയും നടിയുമായ ജയാ ബച്ചൻ ദേഷ്യത്തോടെ തള്ളിമാറ്റുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജയയുടെ പ്രവൃത്തി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു പുറത്തായിരുന്നു സംഭവം.
ക്ലബിലെ പ്രധാനപ്പെട്ട തസ്തികയായ സെക്രട്ടറി (അഡ്മിനിസ്ട്രേഷൻ) സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു. ജയ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടു നിൽക്കവെയാണ് യുവാവ് സെൽഫി എടുക്കാനെത്തിയത്. സമ്മതമില്ലാതെ യുവാവ് തന്‍റെ ചിത്രമെടുത്തതാണ് ജയയെ ചൊടിപ്പിച്ചത്. ഉടനെ തന്നെ, നിങ്ങളെന്താണ് കാണിക്കുന്നത്? എന്ന് യുവാവിനെ തള്ളിമാറ്റിക്കൊണ്ട് ജയ ചോദിക്കുന്നതും വിഡിയോയിലുണ്ട്.
രാഷ്ട്രീയ ജനതാദളിന്‍റെ മിസ ഭാരതി എംപിയെയും ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദിയെയും വീഡിയോയിൽ കാണാം. ജയയുടെ രൂക്ഷമായ പ്രതികരണത്തെ തുടര്‍ന്ന് യുവാവ് ഒരു പുഞ്ചിരിയോടെ മാറി നിൽക്കുന്നുണ്ട്. യുവാവിനോട് ലാലു പ്രസാദ് യാദവിന്‍റെ മകൾ ഭാരതി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വൈറലായതിനു പിന്നാലെ ജയാ ബച്ചനെതിരെ അധിക്ഷേപവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് രംഗത്തെത്തി. ''അധികാര സ്ഥാനത്തിരിക്കുന്ന ഏറ്റവും മോശം സ്ത്രീയാണിവർ. അമിതാഭ് ബച്ചന്റെ ഭാര്യയായതിനാലാണ് ആളുകൾ ഇവരെ സഹിക്കുന്നത്. പൂവൻകോഴിയുടെതു പോലെയാണ് ജയയുടെ തലയിലെ സമാജ്‌വാദി തൊപ്പി. അവരെ കാണാൻ പൂവൻകോഴിയെ പോലെയുണ്ട്. ലജ്ജ തോന്നുന്നു.'' - കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.