
ബംഗളൂരു: മകളുടെ നിയമ ലംഘന പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്ന് സ്വർണക്കടത്തിൽ പിടിയിലായ നടി രന്യ റാവുവിന്റെ പിതാവും കർണാടക ഹൗസിങ് കോർപറേഷൻ ഡി.ജി.പിയുമായ കെ. രാമചന്ദ്ര റാവു. കുറച്ചുകാലമായി മകളുമായി അകൽച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘കടുത്ത ഞെട്ടലും നിരാശയുമാണ് ഈ വാർത്ത ഞങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. അവൾ ഞങ്ങളെ നാണംകെടുത്തി. തെറ്റായി അവൾ എന്തുചെയ്തിട്ടുണ്ടെങ്കിലും നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെ’ -പിതാവ് പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു. രന്യ ആർക്കിടെക്റ്റായ ജതിൻ ഹുക്കേരിയെ വിവാഹം കഴിച്ചത് നാലു മാസം മുമ്പാണ്. പബ്ബുകളും ബാറുകളും രൂപകൽപന ചെയ്യുന്നതിൽ വിദഗ്ധനാണ് ജതിൻ. വിവാഹം കഴിഞ്ഞ ശേഷം സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ രന്യ എത്തിയിട്ടില്ല. അവളുടെയോ അവളുടെ ഭർത്താവിന്റെയോ ബിസിനസിനെക്കുറിച്ച് തങ്ങൾക്ക് ഒരു അറിവുമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു.