ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം കേന്ദ്രസർക്കാർ 'സദ്ഭരണ ദിനമായി' ആചരിക്കുന്നതിനിടെ ശശി തരൂർ അദ്ദേഹത്തിന് ആദരമർപ്പിച്ച് രംഗത്തെത്തി. വാജ്പേയിയുടെ നിര്യാണ വേളയിൽ താൻ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ട്, അദ്ദേഹത്തിന്റെ വിട്ടുവിഴ്ചയില്ലാത്ത മാനവികതയെയും എതിരാളികളോടുള്ള ബഹുമാനത്തെയും തരൂർ എടുത്തുപറഞ്ഞു.(Shashi Tharoor remembers Vajpayee, Praises his administrative skills)
അടുത്തകാലത്തായി ബിജെപിയോടും മോദി സർക്കാരിനോടും തരൂർ സ്വീകരിക്കുന്ന മൃദുസമീപനം കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നടത്തിയ മികച്ച പ്രകടനത്തെ തരൂർ അഭിനന്ദിച്ചിരുന്നു.
സവർക്കർ പുരസ്കാരം തരൂരിന് പ്രഖ്യാപിച്ചതും എന്നാൽ താൻ അത് സ്വീകരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയതും വലിയ വാർത്തയായിരുന്നു. വാജ്പേയിയുടെ ജന്മദിനം 2014 മുതൽ സദ്ഭരണ ദിനമായാണ് രാജ്യം ആചരിക്കുന്നത്.