ന്യൂഡൽഹി: ലഖ്‌നൗ ഇക്കാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം മൂടൽമഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചതിന് പിന്നാലെ പാർലമെന്റിൽ വാദപ്രതിവാദവുമായി നേതാക്കൾ. ശൈത്യകാലത്ത് ഉത്തരേന്ത്യയിൽ മത്സരങ്ങൾ നിശ്ചയിക്കുന്നതിലെ പാളിച്ച ചൂണ്ടിക്കാട്ടി ശശി തരൂർ എം.പിയും രാജീവ് ശുക്ലയുമാണ് സഭയിൽ നേർക്കുനേർ വന്നത്.(Shashi Tharoor and Rajeev Shukla debate on cricket match issue in Parliament)
ഡിസംബർ-ജനുവരി മാസങ്ങളിൽ ഉത്തരേന്ത്യൻ നഗരങ്ങളിൽ കനത്ത പുകമഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടാകുന്നത് പതിവാണെന്നും ഇത് കണക്കിലെടുത്ത് മത്സരക്രമം തീരുമാനിക്കണമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയോ കാഴ്ചാപരിമിതിയോ ഇല്ലാത്ത കേരളത്തിലേക്ക് ഇത്തരം മത്സരങ്ങൾ മാറ്റിക്കൂടെയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ കാലാവസ്ഥ ഈ സമയത്ത് ക്രിക്കറ്റിന് അനുയോജ്യമാണെന്നും അദ്ദേഹം ആവർത്തിച്ചു.
എന്നാൽ, ബി.സി.സി.ഐയുടെ റൊട്ടേഷൻ പോളിസി അനുസരിച്ചാണ് മത്സരങ്ങൾ അനുവദിക്കുന്നതെന്ന് രാജീവ് ശുക്ല മറുപടി നൽകി. കേരളത്തിന് അർഹമായ മത്സരങ്ങൾ റൊട്ടേഷൻ ക്രമത്തിൽ ലഭിക്കുന്നുണ്ടെന്നും ഇനിയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള കാലയളവിൽ ഉത്തരേന്ത്യയിൽ മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നത് ശരിയാണെന്നും എന്നാൽ എല്ലാ മത്സരങ്ങളും കേരളത്തിലേക്ക് മാറ്റാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ച നീണ്ടപ്പോൾ, "എങ്കിൽ പിന്നെ എല്ലാ മത്സരങ്ങളും കേരളത്തിൽ തന്നെ നടത്താമല്ലോ" എന്ന പരിഹാസരൂപേണയുള്ള മറുപടിയോടെയാണ് ശുക്ല സംവാദം അവസാനിപ്പിച്ചത്.
ബുധനാഴ്ച രാത്രി ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത പുകമഞ്ഞ് മൂലം ടോസ് പോലും ഇടാനാകാതെയാണ് ഉപേക്ഷിച്ചത്. രാത്രി 9:30 വരെ അമ്പയർമാർ ആറ് തവണ ഗ്രൗണ്ട് പരിശോധിച്ചെങ്കിലും കാഴ്ചാപരിധി തീരെ കുറവായതിനാൽ കളി വേണ്ടെന്ന് വെക്കുകയായിരുന്നു. കട്ടക്ക്, ചണ്ഡീഗഡ്, ധർമ്മശാല തുടങ്ങിയ നഗരങ്ങളിൽ ഈ സമയത്ത് കളി നിശ്ചയിച്ച ബി.സി.സി.ഐ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും ആരാധകരുടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.