
ലക്നൗ: ട്രെയിനിൽ ഉറങ്ങിക്കിടന്നിരുന്ന വനിതാ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിയായ പോലീസുകാരന് സസ്പെൻഷൻ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഓഗസ്റ്റ് 14നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ഡൽഹിയിൽ നിന്നും പ്രയാഗ്രാജിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്ക് നേരെയായിരുന്നു ആശിഷ് ഗുപ്ത എന്ന കോൺസ്റ്റബിളിന്റെ അതിക്രമം.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.റിസർവ് ചെയ്ത സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറിയതായാണ് പരാതി. ഞെട്ടിയുണർന്ന ഇവർ പോലീസുകാരനെ ചോദ്യം ചെയ്യുകയും ഇയാളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.സംഭവം പുറത്തു പറയരുതെന്നും തന്റെ ജോലി പോകുമെന്നും പറഞ്ഞ് ഇയാൾ യുവതിയോട് മാപ്പ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ യുവതി അധികൃതർക്ക് പരാതി നൽകുകയായിരുന്നു.