നോട്ടീസ് ബോർഡിൽ നിന്ന് അബദ്ധത്തിൽ പിൻ വിഴുങ്ങി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം, അധ്യാപകർക്ക് വീഴ്ചയെന്ന് കുടുംബം; പരാതി നൽകി | Pin

ശസ്ത്രക്രിയയിലൂടെ പിൻ നീക്കം ചെയ്തെങ്കിലും കുട്ടി കോമയിലേക്ക് പോയി
നോട്ടീസ് ബോർഡിൽ നിന്ന് അബദ്ധത്തിൽ പിൻ വിഴുങ്ങി: ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം, അധ്യാപകർക്ക് വീഴ്ചയെന്ന് കുടുംബം; പരാതി നൽകി | Pin
Published on

കാണ്ഡമാൽ: സ്കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് അബദ്ധത്തിൽ പിൻ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിലാണ് സംഭവം. ഫുൽബാനിയിലെ ആദർശ് വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന തുഷാർ മിശ്രയാണ് മരിച്ചത്.(Seventh grader dies after accidentally swallowing pin from notice board)

സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒക്ടോബർ 15-നാണ് സംഭവം നടന്നത്. പിൻ വിഴുങ്ങിയ ഉടൻ തന്നെ തുഷാർ മിശ്രയും സഹപാഠികളും ചേർന്ന് അധ്യാപകരായ സീമയോടും ഫിറോസിനോടും വിവരം പറഞ്ഞു. എന്നാൽ അധ്യാപകർ ഇത് കാര്യമായി എടുത്തില്ല. വിദ്യാർത്ഥികൾ നുണ പറയുകയാണെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.

ഇതിന് പുറമെ, പിൻ വിഴുങ്ങിയ കുട്ടിക്ക് ഭക്ഷണവും വെള്ളവും അധ്യാപകർ നൽകുകയും ചെയ്തു. ഇതോടെ വിഴുങ്ങിയ പിൻ കൂടുതൽ ആഴത്തിലേക്ക് പോയതായി കരുതുന്നു.

വൈകുന്നേരം വയറുവേദന സഹിക്കാനാവാതെ വന്നതോടെ, അമ്മാവന്റെ വീട്ടിൽ താമസിച്ചിരുന്ന കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഈ സമയം കുട്ടി താൻ പിൻ വിഴുങ്ങിയ കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു.

എക്‌സ്റേ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിൽ പിൻ കുത്തിനിൽക്കുന്നതായി കണ്ടെത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്കും, പിന്നീട് കട്ടക്കിലെ ശിശുഭവനിലേക്കും മാറ്റി.

ശസ്ത്രക്രിയയിലൂടെ പിൻ നീക്കം ചെയ്തെങ്കിലും കുട്ടി കോമയിലേക്ക് പോയി. ചികിത്സയിൽ തുടരുന്നതിനിടെ ഒക്ടോബർ 26-ന് കുട്ടി മരിച്ചു.

സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ അടുത്ത ദിവസം അച്ഛൻ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അധ്യാപകർ കുട്ടി പിൻ വിഴുങ്ങിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com