പട്ന : ഏഴ് വയസുകാരനായ വിദ്യാർഥിയെ ഹോസ്റ്റലിൽ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഗോപാൽപൂർ ചൗകിലാണ് കൊലപാതകം നടന്നത്. പ്രദേശത്തെ ഒരു സ്കൂളിന് കീഴിലുള്ള ഹോസ്റ്റലിലെ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗ്യാൻ നികേതൻ സ്കൂളിന്റെ ഹോസ്റ്റലിലാണ് കുട്ടി കൊല്ലപ്പെട്ടത്.
ബെൽസറിലെ കല്യാൺപൂർ സ്വദേശിയായ അർജുൻ താക്കൂർ ആണ് കൊല്ലപ്പെട്ടത്. കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുമുണ്ടായിരുന്നു. അഞ്ച് മാസമായി ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു വിദ്യാർഥി. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ഹോസ്റ്റൽ കൺട്രോളർ അടക്കം നാല് പേർ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വിവരമറിഞ്ഞ് പൊലീസ് സംഘം എത്തിയപ്പോഴേക്കും സ്ഥലത്ത് വൻ പ്രതിഷേധം ആയിരുന്നു. നാട്ടുകാർ ഹോസ്റ്റലിന് നേരെ കല്ലെറിയുകയും അടിച്ചു തകർക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്താണ് മർദനകാരണമെന്നും ആരാണ് കൊന്നതെന്നും വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.