ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. ഇന്ന് പുലർച്ചെ ഭിഖിയാസൈൻ-വിനായക് മോട്ടോർ റോഡിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 19 ഓളം യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്.(Seven killed as bus falls into gorge in Uttarakhand’s Almora)
ദ്വാരഹട്ടിൽ നിന്ന് പുലർച്ചെ ആറ് മണിക്ക് യാത്ര തിരിച്ച ബസ് ഭിഖിയാസൈനിൽ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു. സലാപാനി എന്ന സ്ഥലത്തെത്തിയപ്പോൾ കുത്തനെയുള്ള വളവിൽ ബസ് നിയന്ത്രണം വിട്ട് നൂറടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ആറ് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന ബസ്സിനുള്ളിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.
അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തീവ്രദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.