
അഹമ്മദാബാദ്: നിർത്തിയിട്ട ട്രക്കിൽ കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു. ജയ്‌ദേവ് ഗോഹിൽ (23), ഭാര്യ സരസ്വതി (21), ബന്ധു വിവേക് ഗണപത് ഗോഹിൽ (16), ഹൻഷ അരവിന്ദ് ജാദവ് (35), മകൾ സന്ധ്യാബെൻ ജാദവ് (11), മിതാൽബെൻ ജാദവ് (40), കീർത്തിബെൻ (6) എന്നിവരാണ് മരിച്ചത് (Car collides). മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ മംഗഡ് ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്. ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ട്രക്ക് ഡ്രൈവറും ക്ലീനറും പഞ്ചറായ ടയർ മാറ്റുന്നതിനിടെ കാർ പാഞ്ഞുകയറുകയായിരുന്നു. അപകട സ്ഥലത്തു നിന്ന് ട്രക്ക് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.