ചെന്നൈ: മധുര തിരുപ്പരങ്കുൺട്രം ക്ഷേത്രത്തിലെ ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നയിച്ച തടസ്സവാദങ്ങൾ തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ദർഗയോട് ചേർന്ന് ദീപം തെളിയിക്കാൻ അനുമതി നൽകിയ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ ജി. ജയചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളി.(Setback for Tamil Nadu government over lamp lighting of Thiruparankundram)
ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ദർഗയോട് ചേർന്നുള്ള ദീപത്തൂണിൽ തന്നെ ദീപം തെളിക്കണം. സമാധാനം തകരുന്നത് സർക്കാർ തന്നെ അസ്വസ്ഥത സ്പോൺസർ ചെയ്‌താൽ മാത്രമാണെന്ന് കോടതി വിമർശിച്ചു. സമുദായങ്ങൾക്കിടയിൽ അവിശ്വാസം വളരാൻ സർക്കാർ തന്നെ പ്രേരിപ്പിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
രാഷ്ട്രീയ അജണ്ടയ്ക്കായി ഇത്തരം നിലപാടുകളിലേക്ക് സർക്കാർ തരംതാഴരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഉയർന്ന സ്ഥലത്ത് ദീപം തെളിയിക്കുന്നത് വിശ്വാസികൾക്ക് കാണാൻ വേണ്ടിയാണെന്നും ആ ആവശ്യം തടയാൻ ഉചിതമായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
വിശ്വാസികളുടെ വികാരം കണക്കിലെടുക്കുമ്പോഴും ക്രമസമാധാനത്തിനായി ചില നിബന്ധനകൾ കോടതി മുന്നോട്ടുവെച്ചു. ദേവസ്ഥാനം ദീപം തെളിയിക്കണം. ദീപം തെളിക്കേണ്ടത് ക്ഷേത്രഭരണ സമിതി (ദേവസ്ഥാനം) പ്രതിനിധികളായിരിക്കണം. ദീപം തെളിയിക്കാൻ പോകുന്നവർക്കൊപ്പം മറ്റുള്ളവർ അനുഗമിക്കാൻ പാടില്ല. സർക്കാർ സാങ്കല്പിക ഭീതി പരത്താതെ ചടങ്ങുകൾ സുഗമമായി നടത്താൻ സൗകര്യമൊരുക്കണം.