
പാറ്റ്ന: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഹാറിൽ ബിജെപിക്ക് തിരിച്ചടി. അലിനഗർ മണ്ഡലത്തിലെ എം.എൽ.എ. മിശ്രിലാൽ യാദവ് പാർട്ടി വിട്ടു. കടുത്ത അവഗണന നേരിട്ടതിനാലാണ് ബിജെപി വിടുന്നതെന്ന് മിശ്രിലാൽ യാദവ് വ്യക്തമാക്കി.
പിന്നോക്ക വിഭാഗങ്ങളോട് പാർട്ടി നേതൃത്വത്തിന് ബഹുമാനമില്ലെന്നും, നേതൃത്വം കടുത്ത ജനവിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിശ്രിലാൽ യാദവിന്റെ പ്രതികരണം
"ബിജെപിക്ക് വേണ്ടി അലിനഗർ മണ്ഡലം നേടിക്കൊടുത്തത് ഞാനാണ്. 2020-ൽ മികച്ച ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചത്. എൻഡിഎയ്ക്ക് കുറെ വർഷങ്ങളായി വിജയിക്കാൻ കഴിയാതിരുന്ന മണ്ഡലമായിരുന്നു അത്. എന്നിട്ടും പാർട്ടിയിൽനിന്ന് അവഗണന മാത്രമാണ് നേരിട്ടത്," മിശ്രിലാൽ പറഞ്ഞു.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അലിനഗറിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഏത് പാർട്ടിയിൽ ചേരുമെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത നൽകിയിട്ടില്ല.