ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. ഇമിഗ്രേഷൻ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ ഫിറ്റ്സ് പാട്രിക് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്നു.(Serious security lapse, British citizen escapes after cutting off security guards at Delhi airport)
ബാങ്കോക്കിൽ നിന്ന് ലണ്ടനിലേക്ക് കണക്ഷൻ വിമാനത്തിൽ പോകേണ്ട യാത്രക്കാരനായിരുന്നു ഫിറ്റ്സ് പാട്രിക്. ഒക്ടോബർ 28-ന് ബാങ്കോക്കിൽ നിന്ന് ഡൽഹിയിൽ എത്തിയ ഇദ്ദേഹത്തിന്, വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ ലണ്ടനിലേക്കുള്ള കണക്ഷൻ വിമാനം നഷ്ടമായിരുന്നു.
വിമാനത്താവളത്തിൽ തുടരാൻ അനുവാദമുണ്ടായിരുന്ന പാട്രിക്, അനുമതിയില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തുകടക്കുകയായിരുന്നു. അനുമതിയില്ലാതെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടന്ന ഇയാൾക്കായി അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡൽഹി പോലീസ്, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) എന്നീ ഏജൻസികൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. സംഭവത്തിൽ കേസെടുക്കുകയും വിമാനക്കമ്പനി ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തതായി ഡൽഹി പോലീസ് വക്താവ് അറിയിച്ചു.
പാട്രിക്കിനെ കണ്ടെത്താനായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇയാൾ സഞ്ചരിക്കാൻ സാധ്യതയുള്ള വഴികളിലേക്കും ഡൽഹിയിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചു. പാട്രിക്കിനെ തായ്‌ലൻഡ് വഴി യുകെയിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്നതായും വിമാനത്താവളത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു എന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾ ആരെണെന്നും, യുകെയിൽ നിന്ന് എവിടെയൊക്കെ പോയിട്ടുണ്ടെന്നും, യാത്രാ ഉദ്ദേശ്യങ്ങൾ എന്തായിരുന്നു എന്നും അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.