ബെംഗളൂരു: ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവുകാർക്ക് വിഐപി പരിഗണന.സീരിയൽ റേപ്പിസ്റ്റ് എന്നറിയപ്പടുന്ന ഉമേഷ് റെഡ്ഡി, ഐഎസ്‌ഐഎസ് ഭീകരനായ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സ്വർണക്കടത്ത് കേസിലെ പ്രതി തരുൺ രാജു തുടങ്ങിയ ജയിൽപ്പുള്ളികൾ സുഖജീവിതം നയിക്കുന്നത്.
ജയിലിലെ സെല്ലിൽ കുറ്റവാളികൾ പാചകം ചെയ്യുന്നതിന്റെയും മൊബൈൽ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ ഒരു തടവുകാരനും അധിക പരിഗണന നല്‍കരുതെന്ന് സുപ്രീം കോടതി കടുത്ത താക്കീത് നല്‍കിയിരുന്നു. ഇതു അവഗണിച്ചാണ് ഉദ്യോഗസ്ഥർ സൗകര്യങ്ങൾ നൽകുന്നത്.
1996 മുതൽ 2022 വരെ നടത്തിയ 18 കൊലപാതകങ്ങൾക്കും 20 ബലാത്സംഗങ്ങൾക്കും ശിക്ഷിക്കപ്പെട്ട ഉമേഷ് റെഡ്ഡി ഒന്നിലധികം ഫോണുകളാണ് ജയിലിൽ ഉപയോഗിക്കുന്നത്. ഉമേഷിന്റെ മുറിയിൽ ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ഐഎസ്‌ഐഎസ് റിക്രൂട്ടർമാരിൽ ഒരാളായ മന്ന, കർശനമായ നിരീക്ഷണത്തിൽ കഴിയേണ്ടതായിരുന്നു. ഫോണുകളുടെ ലഭ്യത, മറ്റ് തടവുകാർക്കുമേലുള്ള സ്വാധീനം, ജയിലിനു പുറത്തേക്കും ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇയാൾ ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്.