ഡൽഹി : കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തിൽ വിമർശനം ഉയർത്തി മുതിർന്ന നേതാക്കൾ. ചില നേതാക്കൾ തന്നെയാണ് ഇപ്പോഴും പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം ഉണ്ടാക്കുന്നത് നിര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരാം. അല്ലാതെ പക്ഷം ഇത് തുടർന്ന് പോയാൽ പാർട്ടി വെള്ളത്തിൽ ആകുമെന്നു കെ സുധാകരൻ തുറന്നടിച്ചു.
ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് എഐസിസി നിർദേശിച്ചു. ശനിയാഴ്ച സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് ഔദ്യോഗിക തുടക്കമിടും. നിർണായകമായ രണ്ട് തെരഞ്ഞെടുപ്പുകൾ അടുത്തുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി അടിയന്തിര യോഗം വിളിച്ചത്.
ഭാരവാഹി പട്ടികയിൽ തഴഞ്ഞതിൽ കടുത്ത അതൃപ്തി നേരത്തെ പരസ്യമാക്കിയ നേതാക്കളെ അടക്കം മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ കൂടിയാലോചന ഇല്ലെന്ന പരാതി ഉയർന്നു. പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി അധ്യക്ഷൻ്റെയും പ്രവർത്തന ശൈലിക്ക് എതിരെയും വിമർശനം ഉയർന്നു.
നേതാക്കളെ വിശ്വാസത്തിൽ എടുത്തു മുന്നോട്ട് പോകുമെന്നും കേരളത്തിൽ വിജയം ഉറപ്പെന്നും ഖർഗെ പറഞ്ഞു.നവംബർ ഒന്നിന് ഔദ്യോഗികമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം ഇടാൻ എഐസിസി നിർദേശിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് അവതരിപ്പിച്ച പ്രചാരണ പദ്ധതി ചില ഭേദഗതികളോടെ എഐസിസി അംഗീകരിച്ചു.
അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കെപിസിസി നേതൃത്വം ഹൈക്കാന്‍ഡിനെ അറിയിച്ചു . തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്ലാനില്‍ മാറ്റങ്ങള്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും നിര്‍ദേശമുണ്ടായി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം താഴെതട്ടില്‍ സര്‍ക്കാരിനെ എതിരാക്കിയെന്ന് സംസ്ഥാന നേതൃത്വം യോഗത്തില്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും പറഞ്ഞു.