ചെന്നൈ: എ.ഐ.എ.ഡി.എം.കെ.യിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യൻ നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) ചേർന്നു. ടി.വി.കെ. അധ്യക്ഷൻ വിജയ്, സെങ്കോട്ടയ്യനെ പാർട്ടിയിലേക്ക് വരവേറ്റു.(Sengottaiyan quits AIADMK, joins TVK, rejects DMK)
ഡി.എം.കെ.യുടെ ക്ഷണം തള്ളിയാണ് സെങ്കോട്ടയ്യൻ പനയൂരിലെ ടി.വി.കെ. ഓഫീസിലെത്തി പാർട്ടിയിൽ അംഗത്വം എടുത്തത്. മുൻ എം.പി. വി. സത്യഭാമയും ഇതേ ദിവസം ടി.വി.കെ.യിൽ ചേർന്നു. സെങ്കോട്ടയ്യന് ടി.വി.കെ.യിൽ നിർണായക സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. ടി.വി.കെ. കോർ കമ്മിറ്റി കോ-ഓർഡിനേറ്റർ ആയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
1977 മുതൽ എ.ഐ.എ.ഡി.എം.കെ. എം.എൽ.എ.യായിരുന്നു. ജയലളിത, എടപ്പാടി പളനിസാമി (ഇ.പി.എസ്.) സർക്കാരുകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. എം.ജി.ആറിന്റെ കാലത്ത് എ.ഐ.എ.ഡി.എം.കെ.യുടെ ട്രഷറർ പദവിയും വഹിച്ചിട്ടുണ്ട്.
സെങ്കോട്ടയ്യന്റെ വരവ് തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. ടി.വി.കെ. ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചത്, ഇത് ഡി.എം.കെയ്ക്ക് 'റെഡ് അലർട്ട്' ആണെന്നാണ്.