ന്യൂഡൽഹി: സെമികണ്ടക്ടർ ഉത്പാദന രംഗത്ത് ഇന്ത്യ പുതിയ യുഗത്തിലേക്ക്. 2026-ഓടെ രാജ്യത്ത് ചിപ്പുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 2022-ൽ ആരംഭിച്ച ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ ഭാഗമായി നാല് പ്ലാന്റുകൾ ഈ വർഷം പ്രവർത്തനസജ്ജമാകും.(Semiconductor production on a commercial basis in India will start this year, says Ashwini Vaishnaw)
സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ ഇതുവരെ 90 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു കഴിഞ്ഞു. ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന 'AI ഇംപാക്ട്' ഉച്ചകോടിയോടെ ഇത് 150 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ മൂന്ന് പ്ലാന്റുകളിൽ പൈലറ്റ് ഉത്പാദനം ഇതിനകം ആരംഭിച്ചു. ഗുജറാത്തിലെ ധോലേരയിൽ വരാനിരിക്കുന്ന ഫാബ്രിക്കേഷൻ സൗകര്യത്തിനായി ലോകപ്രശസ്ത കമ്പനിയായ ASML-ൽ നിന്നുള്ള ലിത്തോഗ്രാഫി ഉപകരണങ്ങളാകും ഉപയോഗിക്കുക. 10 വർഷത്തിനുള്ളിൽ 85,000 പ്രൊഫഷണലുകളെ വാർത്തെടുക്കുകയായിരുന്നു ലക്ഷ്യമെങ്കിലും, നാല് വർഷത്തിനുള്ളിൽ തന്നെ 65,000 പേർക്ക് പരിശീലനം നൽകാൻ ഇന്ത്യയ്ക്ക് സാധിച്ചു.
76,000 കോടി രൂപയുടെ പദ്ധതിയുമായി 2021 ഡിസംബറിലാണ് കേന്ദ്ര കാബിനറ്റ് പദ്ധതിക്ക് അംഗീകാരം നൽകിയത്. സെമികണ്ടക്ടർ ഫാബ്രിക്കേഷൻ, ചിപ്പ് ഡിസൈൻ, ഡിസ്‌പ്ലേ നിർമ്മാണം എന്നിവയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയാണ് ഈ മിഷന്റെ ലക്ഷ്യം.