
ബംഗളൂരു: വീടുകളിൽ ഒളിപ്പിച്ചുവെച്ച നിധികൾ മന്ത്രവാദത്തിലൂടെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ബംഗളൂരു സിറ്റി പോലീസിന്റെ പിടിയിലായി. കോലാർ ജില്ല സ്വദേശിയായ ദാദ പീർ (49) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
മന്ത്രവാദത്തിലൂടെ മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താനായി പ്രത്യേക ആചാരങ്ങൾ നടത്തുമെന്ന് വാഗ്ദാനം ചെയ്താണ് ദാദ പീർ ആളുകളെ കബളിപ്പിച്ചിരുന്നത്. ആളുകളുടെ വിശ്വാസം നേടിയെടുത്ത ശേഷം, ആചാരം നടത്താനെന്ന വ്യാജേന അവരുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നു ഇയാളുടെ രീതി.
പിടിയിലായത് സ്വർണ്ണം വിൽക്കുന്നതിനിടെ
മോഷ്ടിച്ച സ്വർണ്ണം വിൽക്കാനായി ബെംഗളൂരുവിലെത്തിയപ്പോഴാണ് ദാദ പീർ കുടുങ്ങിയത്. രേഖകളില്ലാതെ 60 ഗ്രാം സ്വർണം വിൽക്കാൻ ശ്രമിച്ച ഇയാളെ സംശയം തോന്നിയ കച്ചവടക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പണം വാങ്ങാൻ പ്രതിയെത്തിയപ്പോൾ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്.
തട്ടിപ്പിന്റെ വ്യാപ്തി
താൻ ഭദ്രാവതിയിലും സമാനമായ കുറ്റകൃത്യം ചെയ്തതായി ദാദ പീർ സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളിൽ പകുതിയും കോലാറിലെ തന്റെ വസതിയിൽ സൂക്ഷിച്ചു.
ബാക്കിയുള്ളവ മഹാരാഷ്ട്രയിലെ നാഗ്പൂരിലെയും ബംഗളൂരുവിലെ ബിടിഎം ലേഔട്ടിലെയും ജ്വല്ലറികളിൽ പണയം വെച്ചതായും ഇയാൾ അറിയിച്ചു. ഇയാൾ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രതി സ്വർണ്ണം പണയം വെച്ചതും വിറ്റതും. ഇത് വീണ്ടെടുക്കാൻ കൂടുതൽ ശ്രമകരമാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിനെ തുടർന്ന് 59 ലക്ഷം രൂപ വിലമതിക്കുന്ന 485.4 ഗ്രാം സ്വർണ്ണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.