
പട്ന : ബീഹാറിലെ കതിഹാർ സദർ ആശുപത്രിയിലെ സൂപ്പർവൈസറിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി സെക്യൂരിറ്റി ജീവനക്കാരിയായ യുവതി രംഗത്ത്. ഇതുസംബന്ധിച്ച് ഇര വനിതാ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
ജൂൺ 4 ന് രാത്രി താൻ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഈ സമയത്ത്, ജനറൽ സെക്യൂരിറ്റി ഇന്റലിജന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സൂപ്പർവൈസറായ നവീൻ കുമാർ സിംഗ് മദ്യപിച്ച നിലയിൽ തന്നെ അയാളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ, അടുത്ത ദിവസം തന്നെ അവരെ ഡ്യൂട്ടിയിൽ നിന്ന് പുറത്താക്കി. ഇത് ആദ്യമായല്ലെന്നും സൂപ്പർവൈസർ തന്നെ മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്നും വനിതാ ഗാർഡ് പറയുന്നു. ലൈംഗിക പീഡനം, ചൂഷണം, ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളും അവർ ആരോപിച്ചു.
അതേസമയം , സൂപ്പർവൈസർ നവീൻ കുമാർ സിംഗ് തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചു. വനിതാ ഗാർഡ് പലപ്പോഴും ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കാറുണ്ടായിരുന്നുവെന്നും, ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ തനിക്ക് നേരെ കയർക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. നിലവിൽ, സുരക്ഷാ ഏജൻസി വനിതാ ഗാർഡിനെ സസ്‌പെൻഡ് ചെയ്യുകയും വിഷയത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറുവശത്ത്, പോലീസം ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എല്ലാ കക്ഷികളെയും ചോദ്യം ചെയ്തുവരികയാണ്.