ന്യൂഡൽഹി: ബംഗ്ലാദേശിലെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവിലെ സർക്കാർ രാജ്യത്തെ മതേതരത്വം തകർക്കുകയാണെന്നും മുസ്ലിങ്ങളല്ലാത്തവർക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഒരു പ്രസ്താവനയിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
അധികാരം നഷ്ടമായതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. അവരെ ജീവനോടെ കത്തിച്ചുകൊല്ലുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ബംഗ്ലാദേശിന്റെ ഭൂതകാലം ഇല്ലാതാക്കുകയാണ്. ഇത്തരമൊരു സാഹചര്യം ഏറെനാൾ തുടരാനാവില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒരു ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തെയും രാജ്യത്ത് നിലനിൽക്കുന്ന അരാജകത്വത്തെയും അവർ പരോക്ഷമായി സൂചിപ്പിച്ചു. അതിനിടെ, ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ധാക്കയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ ഉപജില്ലയിൽ അമൃത് മൊണ്ടൽ (29) എന്ന സാമ്രാട്ട് ആണ് കൊല്ലപ്പെട്ടത്.
അമൃത് മൊണ്ടൽ 'സാമ്രാട്ട് ബഹിനി' എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാൾ, ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം ഒളിവിൽ പോവുകയും പിന്നീട് സ്വന്തം ഗ്രാമമായ ഹൊസെൻഡംഗയിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അവിടെ വെച്ചാണ് ആൾക്കൂട്ടം ഇയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.