

അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു സ്കൂൾ പരിസരത്ത് വെച്ച് രണ്ടാം ക്ലാസുകാരിയെ അജ്ഞാതനായ ഒരാൾ രണ്ടുതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. നവംബർ 19-നും 20-നുമാണ് സംഭവം നടന്നത്. നവംബർ 19-ന് സ്കൂളിലെ ഗാർഡന് പിന്നിലേക്ക് കൊണ്ടുപോയെന്നും ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നും കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.നവംബർ 20-നും ഇയാൾ സംഭവസ്ഥലത്തെത്തി കുട്ടിയെ വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു.കുട്ടിയുടെ വലത് കൈത്തണ്ടയിൽ ഇഞ്ചക്ഷൻ നൽകുകയും ചെയ്തതായും പരാതിയുണ്ട്.സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അജ്ഞാതൻ കുട്ടിയെ ഭീഷണിപ്പെടുത്തി.
കടുത്ത വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
അജ്ഞാത വ്യക്തിക്കെതിരെ വിജാപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സ്കൂൾ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.കുത്തിവെപ്പ് നൽകിയത് എന്തിനാണെന്ന് അറിയുന്നതിനായി വൈദ്യപരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്.