
ന്യൂഡൽഹി: ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി പുരി ബുച്ചിന് വീണ്ടും കുരുക്ക് മുറുകുന്നു. സെബിയുടെ ഭാഗമായി പ്രവർത്തിച്ച കഴിഞ്ഞ ഏഴു വർഷത്തിനിടെ ചട്ടവിരുദ്ധമായി മറ്റൊരു കമ്പനിയിൽ നിന്നും വരുമാനം നേടിയിരുന്നുവെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ ലഭ്യമായ രേഖകൾ അടിസ്ഥാനമാക്കിയാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
2017ൽ മാധബി പുരി ബുച്ച് സെബിയിൽ അംഗമായും പിന്നീട് 2022 മാർച്ചിൽ മേധാവിയായും തുടരുകയാണ്. ഈ കാലയളവിൽ അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നും 3.71 കോടി (4,42,025 ഡോളർ) സമ്പാദിച്ചതായി കണ്ടെത്തി. സ്ഥാപനത്തിന്റെ 99 ശതമാനവും ഓഹരിയും ബുച്ചിന്റെ പേരിൽ തന്നെയാണ്. എന്നാൽ, പുറത്തുവിട്ട രേഖകൾ പ്രകാരം ഈ വരുമാനത്തിന് അദാനി ഗ്രൂപ്പുമായി ബന്ധിപ്പിക്കുന്ന ഒരു വിവരങ്ങളൊന്നുമില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കി.