ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസിന് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. ഏപ്രിൽ രണ്ടാം തീയതി ഉച്ചമുതലാണ് യുവതിയെ വനത്തിനുള്ളിൽ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്വെയർ എൻജിനീയറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയത്.(Search intensifies for Malayali woman who went missing while trekking in Kodagu)
ഏപ്രിൽ 2-ന് കൊച്ചിയിൽ നിന്ന് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടിയിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതിയോടെയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ള മേഖലയായതിനാൽ മറ്റ് പത്തുപേരടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ വനംവകുപ്പ് നിർദ്ദേശിച്ചിരുന്നു.
വൈകുന്നേരം നാല് മണിയോടെ മറ്റ് അംഗങ്ങൾ തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നുവെങ്കിലും താമസിയാതെ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. യുവതിക്കായി വനംവകുപ്പും പോലീസും നാട്ടുകാരും ഉൾപ്പെടെയുള്ള 60 അംഗ സംഘം അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
ഡ്രോണുകളും സ്നിഫർ നായ്ക്കളും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. നാപ്പോക്ലു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്.

