ഡൽഹി : മഹാരാഷ്ട്രയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.അപകടത്തിൽ ഏഴും പതിമൂന്നും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.സംഭവത്തിൽ 50 ലധികം പേർക്ക് പരുക്കേറ്റു.
മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ ഒരു ആശ്രമ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. 30 പേർക്ക് ഇരിക്കാൻ കഴിയുന്ന ബസിൽ 56 വിദ്യാർത്ഥികളെയാണ് കുത്തിക്കയറ്റി കൊണ്ടുപോയത്.ദീപാവലി അവധി കഴിഞ്ഞ് തിരികെ വരുന്ന ആദിവാസി വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് അമ്ലിബാരിക്ക് സമീപമുള്ള ദേവ്ഗായ് ഘട്ട് പ്രദേശത്ത് വച്ചാണ് 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞത്. പ്രദേശവാസികളായ ഗ്രാമവാസികളാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, ഗുരുതരമായ പരിക്കേറ്റ 17 പേരെ നന്ദുർബാർ ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിദ്യാർത്ഥികൾ ഐസിയുവിലാണ്. ചെറിയ പരുക്കുകളേറ്റ മറ്റുള്ള വിദ്യാർഥികളെ അക്കൽകുവ റൂറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.ബസ് നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെന്നും അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.