തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വീഡിയോയിൽ വെളിപ്പെടുത്തിയ കേസിൽ യൂട്യൂബറായ സൂരജ് പാലാക്കാരനെതിരെയുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി. എന്നാൽ, വീണ്ടും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന താക്കീതോടെയാണ് കോടതിയുടെ നടപടി. തിരുവനന്തപുരം സൈബർ പോലീസാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തിരുന്നത്.(SC quashes case against YouTuber Sooraj Palakkara who revealed POCSO case victim's name)
ഇരയെ മനഃപൂർവം നാണം കെടുത്താൻ അല്ല ശ്രമിച്ചതെന്ന് കാണിച്ചുകൊണ്ട് സൂരജ് പാലാക്കാരൻ മാപ്പ് അപേക്ഷ നൽകിയതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. പോലീസ് സ്റ്റേഷനിലും വിചാരണക്കോടതിയിലും മാപ്പ് അപേക്ഷ നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ കേസിൽ നിയമനടപടികൾ തുടരുമെന്ന ശക്തമായ മുന്നറിയിപ്പോടെയാണ് കോടതി കേസ് റദ്ദാക്കിയത്.
പോക്സോ കേസിലെ അതിജീവിതയുടെ പേര് വീഡിയോയിൽ വെളിപ്പെടുത്തിയതിന് സൂരജ് പാലാക്കാരനെ സുപ്രീം കോടതി നേരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വീഡിയോയിൽ അദ്ദേഹം ഉപയോഗിച്ച ഭാഷയെയാണ് കോടതി പ്രധാനമായും വിമർശിച്ചത്. "ഉത്തരവാദിത്തപ്പെട്ട യൂട്യൂബർക്ക് ഉപയോഗിക്കാൻ പറ്റിയ ഭാഷയാണോ ഇത്? സമൂഹത്തിൽ എന്തോ കുഴപ്പമുണ്ട്," എന്നും അന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.