ന്യൂഡൽഹി: യെമനിൽ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തതായി വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ "ശ്രമങ്ങൾ തുടരുകയാണെന്ന്" കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. (SC on Nimisha Priya's case )
നിമിഷ പ്രിയ സുരക്ഷിതമായി തിരിച്ചെത്തണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഉന്നത നിയമ ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം, മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കോടതി നിർദേശിച്ചു.
നിമിഷയുടെ അമ്മയടക്കം അവിടെ ഉണ്ടെന്നും, ഈ അപേക്ഷ കേന്ദ്ര സർക്കാർ പരിഗണിക്കട്ടെയെന്നും കോടതി ഹർജിക്കാരോട് പറഞ്ഞു. അതേസമയം കേസ് ഇനി ഓഗസ്റ്റ് 14നാണ് പരിഗണിക്കുന്നതെന്ന് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ പറഞ്ഞു. സുപ്രീംകോടതിയിൽ കേന്ദ്രം കാന്തപുരത്തിൻ്റെ ഇടപെടലിനെ എതിർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.