
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി തിരഞ്ഞെടുത്തു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍, വിശകലന വിദഗ്ധര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സമഗ്രമായ ഗവേഷണത്തിന്‍റെയും വിശകലനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്.
2025 ഒക്ടോബര്‍ 18ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഐഎംഎഫ്/ലോകബാങ്ക് വാര്‍ഷിക യോഗത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടില്‍വെച്ച് എസ്ബിഐ ചെയര്‍മാന്‍ സി. എസ്. സെട്ടിക്ക് അവാര്‍ഡ് സമ്മാനിക്കും.
ഗ്ലോബല്‍ ഫിനാന്‍സ് നാല് പതിറ്റാണ്ടായി 193 രാജ്യങ്ങളിലായി 50,000 വായനക്കാരുമായി കോര്‍പ്പറേറ്റ് സാരഥികള്‍, സെന്‍ട്രല്‍ ബാങ്കര്‍മാര്‍, സി-സ്യൂട്ട് എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കിടയില്‍ സ്വീകാര്യതയുള്ള അംഗീകൃത സാമ്പത്തിക പ്രസിദ്ധീകരണമാണ്.
ഈ നേട്ടത്തിന് കാരണക്കാരായ എല്ലാ ഉപഭോക്താക്കള്‍ക്കും, ജീവനക്കാര്‍ക്കും, മറ്റ് എല്ലാ പങ്കാളികള്‍ക്കും അവരുടെ അചഞ്ചലമായ വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും നടപടിക്രമങ്ങള്‍ ലളിതമാക്കിയും പ്രാദേശിക ഭാഷകളില്‍ വോയ്സ് ബാങ്കിങും 24/7 ഡിജിറ്റല്‍ പിന്തുണയും ലഭ്യമാക്കിയും ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ തുടര്‍ന്നും ശ്രദ്ധയൂന്നുമെന്നും എസ്ബിഐ ചെയര്‍മാന്‍ സി. എസ്. സെട്ടി പറഞ്ഞു.