
കൊൽക്കത്ത: ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ വിളിച്ചുവരുത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് ആവശ്യപ്പെട്ടു. ജൽ ജീവൻ മിഷന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് സെബി മേധാവിയെ പാനലിന് മുമ്പാകെ ഹാജരാക്കണമെന്ന് റോയ് ആവശ്യപ്പെട്ടത്. എന്നാൽ, ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ ഈ ആവശ്യത്തെ എതിർത്തു. കേന്ദ്ര സർക്കാറിന്റെ ഉത്തരവില്ലാതെ സി.എ.ജി പ്രിൻസിപ്പൽ ഓഡിറ്റർക്ക് സെബിയെ ഓഡിറ്റ് ചെയ്യാൻ കഴിയില്ലെന്നും ധനകാര്യത്തിലെ പിഴവുകളുടെ തെളിവില്ലാതെ പി.എ.സിക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനാകില്ലെന്നും ദുബെ യോഗത്തിൽ പറഞ്ഞു.