അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായ സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനം ദേശീയ ഐക്യദിനമായി (രാഷ്ട്രീയ ഏകതാ ദിനം) ആഘോഷിക്കുന്ന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഭാരതീയ ഐക്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് മോദി സംസാരിച്ചത്. കാശ്മീർ, പാക് അധീന കാശ്മീർ (PoK) വിഷയങ്ങളിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിലപാടുകളെയും കോൺഗ്രസിനെയുമായിരുന്നു പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്.(Sardar Patel wanted to unite entire Kashmir with India, Nehru did not allow it, PM Modi)
കാശ്മീർ വിഷയത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ നിലപാടിനെ കോൺഗ്രസ് എതിർത്തതാണ് രാജ്യത്ത് തീവ്രവാദം വളർത്താൻ ഇടയാക്കിയതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. സർദാർ വല്ലഭായ് പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ കോൺഗ്രസും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും ഇതിന് എതിരുനിന്നത് രാജ്യത്ത് തീവ്രവാദം വളർത്താൻ ഇടയാക്കിയെന്നാണ് മോദി പറഞ്ഞത്.
ദേശീയ പൗരത്വ നിയമത്തെയും എസ്.ഐ.ആർ. പോലുള്ള നിയമങ്ങളെയും എതിർക്കുന്ന പ്രതിപക്ഷ പാർട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ആളുകളെ സംരക്ഷിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
നുഴഞ്ഞുകയറ്റക്കാരാണ് രാജ്യത്തിന്റെ ഐക്യത്തിന് തടസ്സം നിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സർദാർ പട്ടേലിന് പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ദേശീയ ഐക്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.