National
പ്രസ്സ് സ്റ്റിക്കർ പതിച്ച ബൈക്കിൽ ചന്ദനക്കടത്ത് ; റിപ്പോർട്ടറടക്കം രണ്ടുപേർ അറസ്റ്റിൽ
മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെയിൽ അനധികൃതമായി ചന്ദനം കടത്തുന്നതിനിടെ പ്രാദേശിക പത്രത്തിന്റെ റിപ്പോർട്ടർ ഉൾപ്പെടെ രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. എച്ച്.എസ്. മൻസൂർ (ഹന്ദഗുളി സ്വദേശി, പ്രാദേശിക പത്ര റിപ്പോർട്ടർ),എം.കെ. യൂസഫ് (ഹാൻഡ്‌പോസ്റ്റിലെ താമസക്കാരൻ) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ താലൂക്കിലെ നവഗ്രാമത്തിന് സമീപം നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. പ്രസ്സ് സ്റ്റിക്കർ പതിച്ച ബൈക്കിൽ കടത്താൻ ശ്രമിച്ച എട്ട് ചന്ദനത്തടികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരേയും വനംവകുപ്പ് പിടികൂടുകയായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി.