ന്യൂഡൽഹി: പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർബന്ധിത വ്യവസ്ഥയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറി. ആപ്പിന് ജനങ്ങൾക്കിടയിൽ 'സ്വീകാര്യത കൂടി വരുന്നത്' പരിഗണിച്ചാണ് ഉത്തരവ് പിൻവലിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, ആപ്പിൾ ഉൾപ്പെടെയുള്ള മൊബൈൽ കമ്പനികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.(Sanchar Saathi will not be made mandatory, Center withdraws order after strong opposition)
പുതിയ ഫോണുകളിൽ 'സഞ്ചാർ സാഥി' നിർബന്ധമാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തോട് സഹകരിക്കില്ലെന്ന് ആപ്പിൾ നിലപാട് എടുത്തിരുന്നു. ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശങ്ങൾ കമ്പനി അംഗീകരിക്കാറില്ലെന്നും, ഇത് ഐ.ഒ.എസ്. ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. കടുത്ത എതിർപ്പ് ഉയർന്നതിനെ തുടർന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തിയിരുന്നു.
ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു. "ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും," എന്നും മന്ത്രി വിശദീകരിച്ചിരുന്നു.
സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന കേന്ദ്രസർക്കാരിന്റെ സ്ഥിരീകരണം വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ എളുപ്പത്തിലാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, ലഭിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പ് തടയാൻ ഉപയോഗിക്കുമെന്നും കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി നേരത്തെ വ്യക്തമാക്കിയിരുന്നു.