തിരുവനന്തപുരം: രാജ്യത്തെ പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നിർദേശം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെ, ശക്തമായ നിലപാടുമായി മൊബൈൽ ഫോൺ നിർമാണ കമ്പനികൾ. ആപ്പ് സ്വകാര്യതയെ ബാധിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കമ്പനികൾ, കേന്ദ്രസർക്കാരിനെ കൂട്ടായി കാണാൻ ആലോചിക്കുന്നുണ്ട്.(Sanchar Saathi App, Mobile companies may collectively approach the central government)
വിവിധ റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ കമ്പനികളായ ആപ്പിളും ഗൂഗിളും 'സഞ്ചാർ സാഥി' ആപ്ലിക്കേഷൻ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്യില്ല എന്ന നിലപാടിലാണ്.ഐഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ സഹകരിക്കില്ല എന്ന കടുത്ത നിലപാടിലാണ് ആപ്പിൾ കമ്പനി.ലോകത്ത് ഒരിടത്തുമില്ലാത്ത സർക്കാർ നിർദേശമാണിത് എന്നാണ് ആപ്പിളിന്റെ വിലയിരുത്തൽ.
ഈ നടപടി ആപ്പിളിന്റെ ഇക്കോസിസ്റ്റത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാർലമെന്റ് സമ്മേളന സമയത്ത് മൊബൈൽ ഫോൺ കമ്പനികൾ അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.
മോഷ്ടിക്കപ്പെടുന്ന ഫോണുകൾ കണ്ടെത്തുക, സിം കാർഡ് വെരിഫിക്കേഷൻ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) അവതരിപ്പിച്ചതാണ് സഞ്ചാർ സാഥി ആപ്പ്. എന്നാൽ, ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ശ്രമമാണെന്ന വിമർശനം ശക്തമാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ എസ്എംഎസ്, കോൾ ലോഗ്, സ്റ്റോറേജ്, ലൊക്കേഷൻ തുടങ്ങിയവയിലേക്കുള്ള പെർമിഷനുകൾ ഉപയോക്താക്കൾ നൽകേണ്ടിവരുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവിൽ കടകളിൽ വിൽപ്പനയ്ക്കുള്ള ഫോണുകളിലും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം 90 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്. പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വിവാദം ശക്തമായതോടെ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു."സഞ്ചാർ സാഥി ആപ്പ് ഫോണിൽ സൂക്ഷിക്കണമെന്ന് ഒരു നിബന്ധനയുമില്ല. സഞ്ചാർ സാഥി ഉപയോഗിക്കാൻ താത്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് അത് ഫോണിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. സൈബർ സുരക്ഷ മുൻനിർത്തിയാണ് സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം നൽകിയത്," എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.