'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ല, ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാം': കേന്ദ്ര ടെലികോം മന്ത്രി | Sanchar Saathi

സൈബർ സുരക്ഷ മുൻ നിർത്തിയാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു
'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ല, ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാം': കേന്ദ്ര ടെലികോം മന്ത്രി | Sanchar Saathi
Updated on

ന്യൂഡൽഹി: പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമാണെന്നും, ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സൈബർ സുരക്ഷ മുൻ നിർത്തിയാണ് ഈ നടപടിയെന്നും, ആപ്പിന്റെ കാര്യത്തിൽ ഒരു നിർബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Sanchar Saathi app is not mandatory, Union Telecom Minister)

പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കാനുള്ള നീക്കമാണിതെന്നും മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ജോൺ ബ്രിട്ടാസ് എം.പി. അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തി. പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവിൽ കടകളിൽ വിൽപനയ്ക്കുള്ള ഫോണുകളിലും 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയത്.

90 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മൊബൈൽ നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള ആപ്പുകൾ സിമ്മുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവിനോടൊപ്പമാണ് ഈ നിർദ്ദേശവും മന്ത്രാലയം നൽകിയത്. ആപ്പിൾ പോലുള്ള കമ്പനികൾ ഈ നിർദ്ദേശം അംഗീകരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല. അതേസമയം, പ്രതിപക്ഷം പാർലമെന്റിൽ ബഹളമുണ്ടാക്കാൻ ഓരോന്ന് പറയുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ബി.ജെ.പി. ഈ നടപടിയെ പിന്തുണയ്ക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com