

ന്യൂഡൽഹി: ഇന്ത്യയിൽ വിൽക്കുന്ന പുതിയ മൊബൈൽ ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം ആഗോള ടെക് ഭീമനായ ആപ്പിൾ തള്ളിയതായി റിപ്പോർട്ട്. ലോകത്ത് ഒരിടത്തും ഇത്തരം നിർദ്ദേശങ്ങൾ കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്.(Sanchar Saathi app, Apple reportedly rejects central government's proposal)
ഐ.ഒ.എസിന്റെ സുരക്ഷയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക പ്രതികരണം ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ നേരിട്ട് അറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
അതേസമയം, 'സഞ്ചാർ സാഥി' ആപ്പ് ഉപഭോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകുമെന്നും, ഇത് സൈബർ സുരക്ഷ മുൻ നിർത്തിയുള്ള നടപടിയാണെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ ആപ്പിളിന്റെ ഏറ്റവും പുതിയ നിലപാട് കേന്ദ്രസർക്കാർ നിർദ്ദേശത്തിന് തിരിച്ചടിയായേക്കും.