

ന്യൂഡൽഹി: വ്യവസായി സമീർ മോദി നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സാകേത് ജില്ലാ കോടതി ഡൽഹി പോലീസിന് അനുമതി നൽകി. അതേസമയം ബലാത്സംഗ ആരോപണത്തിൽ ബിസിനസുകാരനെതിരെ സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുന്നത് മാറ്റിവച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ (ഐഒ) കൂടുതൽ അന്വേഷണത്തിനായി സമർപ്പിച്ച അപേക്ഷയ്ക്ക് ഇന്ന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) വിനോദ് ജോഷി അനുമതി നൽകി. (Samir Modi)
ബന്ധപ്പെട്ട കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് അനുബന്ധ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് ഐഒ ആവശ്യപ്പെട്ടു. "2025 നവംബർ 6, നവംബർ 11 തീയതികളിലെ ബഹുമാനപ്പെട്ട ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുകൾ കണക്കിലെടുത്ത് അനുമതി നൽകുന്നു," എന്ന് പറഞ്ഞു കൊണ്ട് നവംബർ 19 ന് എസിജെഎം ജോഷി ഉത്തരവിട്ടു.
ഡിസംബർ 17 ന് അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിനായി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വാദം കേൾക്കുന്നതിനിടെ, മുതിർന്ന അഭിഭാഷകൻ വിക്രം ശർമ്മയും അഭിഭാഷകൻ സിദ്ധാർത്ഥ് യാദവും സമീർ മോദിക്കുവേണ്ടി ഹാജരായി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രോസിക്യൂഷനെതിരെ സമീർ മോദി സമർപ്പിച്ച പരാതിക്ക് എതിരാണ് എഫ്‌ഐആർ എന്ന് അഭിഭാഷകർ വാദിച്ചു. പ്രോസിക്യൂഷൻ 15 കോടി രൂപ ആവശ്യപ്പെട്ടു എന്നും ആവശ്യം നിറവേറ്റിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി എന്നും സമീർ മോദിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
ബലാത്സംഗ കേസിൽ സമീർ മോദിക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. നവംബർ 7 ന് സാകേത് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനിൽ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ജാമ്യത്തിലായ മോദി, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് സമീർ മോദി നൽകിയ രേഖകൾ പോലീസ് പരിഗണിച്ചിട്ടില്ലെന്ന് സമീർ മോദിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.
പരാതിയെത്തുടർന്ന് സെപ്റ്റംബർ 18 ന് സമീർ മോദിയെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബർ 25 ന് ജാമ്യം ലഭിക്കുകയും ചെയ്തു. ബലാത്സംഗ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന സമീർ മോദിയുടെ ഹർജിയിൽ നവംബർ 6 ന് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.