ന്യൂഡൽഹി/റിയാദ്: റിയാദിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ചതിനെ തുടർന്ന് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പാകിസ്താനിൽ പ്രതിഷേധം ശക്തമായി. ഇതിൻ്റെ ഭാഗമായി സൽമാൻ ഖാനെ ഭീകരവാദിയായി പാകിസ്താൻ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1997-ലെ പാകിസ്താൻ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെയും അത്തരം സംഘടനകളുമായി ബന്ധമുള്ളവരെയുമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന 'ജോയ് ഫോറം 2025' പരിപാടിയിൽ 'മധ്യപൂർവദേശത്ത് ഇന്ത്യൻ സിനിമ' എന്ന വിഷയത്തിലുള്ള ചർച്ചയിൽ സംസാരിക്കവെയാണ് സൽമാൻ ഖാൻ പാകിസ്താനെയും പാകിസ്താനിലെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമർശിച്ചത്.
"ഇവിടെ ബലൂചിസ്താനിൽനിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്താനിൽ നിന്നുള്ളവരുണ്ട്... എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്," എന്നായിരുന്നു സൽമാൻ്റെ പ്രസ്താവന.