

സേലം: ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ കാട്ടിയ ക്രൂരത പുറംലോകത്തെ നടുക്കുന്നു. സേലം സ്വദേശിനിയായ സുമതി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകൻ ജി. വെങ്കടേഷ് (22) പോലീസിന്റെ പിടിയിലായി. കൊലപാതകത്തിന് ശേഷം സുമതിയുടെ താലിമാലയിലെ താലി വേർപ്പെടുത്തിയ പ്രതി അത് യുവതിയുടെ ഭർത്താവിന് കൊറിയർ അയച്ചു നൽകുകയും ചെയ്തു.
യേർക്കാട് കുപ്പന്നൂർ ചുരത്തിലെ 300 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് സുമതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ സുമതിയുടെ ഫോണിലേക്ക് വന്ന കോളിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ വെങ്കടേഷ് സുമതിയെ കൊലപ്പെടുത്തുകയും മൃതദേഹം കൊക്കയിലേക്ക് തള്ളുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം സുമതിയുടെ താലിമാല കൈക്കലാക്കിയ പ്രതി, അതിലെ താലി മാത്രം ഭർത്താവ് ഷൺമുഖത്തിന് കൊറിയർ അയച്ചു. ഇത് കണ്ട ഭർത്താവ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വെങ്കടേഷിലേക്ക് എത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി കുറ്റം സമ്മതിച്ചു.
ട്രക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് സുമതി. കുടുംബപ്രശ്നങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ഇവർ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. മക്കൾ ഷൺമുഖത്തിനൊപ്പമാണ് താമസം. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം വഴി വെങ്കടേഷുമായി സുമതി സൗഹൃദത്തിലാകുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വെങ്കടേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.