

ചെന്നൈ: സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറുമായുള്ള വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസുതുറന്ന് ഗായിക സൈന്ധവി. പിരിഞ്ഞെങ്കിലും തങ്ങൾക്കിടയിൽ വലിയ ബഹുമാനമുണ്ടെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നുവെന്നും സൈന്ധവി വ്യക്തമാക്കി.
ആരും വിവാഹമോചനം ലക്ഷ്യം വെച്ചല്ല ഒന്നിക്കുന്നത്. എന്നാൽ തങ്ങൾ വിചാരിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകാത്തതിനാലാണ് പിരിയാൻ തീരുമാനിച്ചത്. ഇപ്പോഴും പരസ്പരം സംസാരിക്കാറുണ്ടെന്നും ശത്രുതയില്ലെന്നും സൈന്ധവി പറഞ്ഞു. മകൾ അൻവിയുടെ കാര്യത്തിൽ തങ്ങൾ കൃത്യമായ ധാരണയിലാണ്. അമ്മ ഒരു കാര്യത്തിന് 'നോ' പറഞ്ഞാൽ അച്ഛനും അത് 'നോ' തന്നെയായിരിക്കും. മകളെ ഒരു കാര്യത്തിലും ആശയക്കുഴപ്പത്തിലാക്കാറില്ല. മകൾ ഇടയ്ക്ക് അച്ഛന്റെ കൂടെയും അമ്മയുടെ കൂടെയും സമയം ചെലവഴിക്കാറുണ്ട്.
വേർപിരിയൽ ഏതൊരാളെയും പോലെ തന്നെയും ബാധിച്ചു. എന്നാൽ മകൾ നൽകുന്ന പോസിറ്റീവ് എനർജിയാണ് ആ ഘട്ടത്തെ നേരിടാൻ സഹായിച്ചത്. വിവാഹമോചനത്തിന് ശേഷവും ഇരുവരും സംഗീത നിശകളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ജി.വി. പ്രകാശ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രം 'പരാശക്തി' അണിയറയിൽ ഒരുങ്ങുകയാണ്. 'സൂരറൈ പോട്രു'വിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ഒരു പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ഡോൺ പിക്‌ചേഴ്‌സാണ് നിർമ്മിക്കുന്നത്.