ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം നിശ്ചയിച്ചതിലും നീളുമെന്ന് സൂചന. യുവതീപ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദം പൂർത്തിയാകാത്ത പശ്ചാത്തലത്തിലാണിത്. അതേസമയം, ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒരു വിഭാഗത്തെ വിലക്കുന്നത് ഹിന്ദു മതത്തിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വാദത്തിനിടെ നിരീക്ഷിച്ചു.(Sabarimala case, Arguments in Supreme court likely to be prolonged)
ഈ മാസം എട്ട് ദിവസമാണ് വാദത്തിനായി കോടതി മാറ്റിവെച്ചിരുന്നത്. ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം പൂർത്തിയാക്കാനായിരുന്നു നിർദ്ദേശമെങ്കിലും കേന്ദ്ര സർക്കാരിന്റെയും എൻഎസ്എസിന്റെയും വാദങ്ങൾ മാത്രമാണ് ഇതുവരെ നടന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ, ക്ഷേത്ര തന്ത്രി എന്നിവരുൾപ്പെടെ മുപ്പതിലധികം കക്ഷികളുടെ വാദം ഇനിയും കേൾക്കാനുണ്ട്. അടുത്ത ചൊവ്വാഴ്ച കോടതിക്ക് അവധിയാണ്. വാദം പുനരാരംഭിക്കുന്ന ഏപ്രിൽ 15-ന് എതിർക്കുന്ന കക്ഷികളുടെ വാദം തുടരും. ദേവസ്വം ബോർഡിനായി മനു അഭിഷേക് സിംഗ്വി രണ്ട് ദിവസം ആവശ്യപ്പെട്ടിട്ടുള്ളതിനാൽ ഈ മാസം അവസാനം വരെ നടപടികൾ നീളാനാണ് സാധ്യത. മതപരമായ വിഷയങ്ങളിൽ അവിശ്വാസികൾക്കും കോടതിയുടെ ശ്രദ്ധ ക്ഷണിക്കാമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും വാദത്തിനിടെ അഭിപ്രായപ്പെട്ടു.

