ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി കൂടുതൽ എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നുവെന്ന് എസ് ജയശങ്കർ. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിലയിൽ 93 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഹോട്ടൽ, വ്യവസായ മേഖലകൾ സ്തംഭനാവസ്ഥയിലായി.(S Jaishankar says Discussions with Iran are ongoing)
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്. എൽപിജി ക്ഷാമം മൂലം രാജ്യത്തുടനീളം നിരവധി ചെറുകിട റസ്റ്റോറന്റുകളും ഭക്ഷണശാലകളും പൂട്ടി. ലഭ്യമായ സിലിണ്ടറുകൾക്ക് അമിതവില നൽകേണ്ടി വരുന്നത് ഭക്ഷണസാധനങ്ങളുടെ വില വർദ്ധനവിനും കാരണമായിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ കപ്പലുകൾ കടത്തിവിടാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഒരു എൽപിജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഇന്ന് ഗുജറാത്ത് തീരത്തെത്തും. കഴിഞ്ഞ ദിവസം 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ലൈബീരിയൻ കപ്പലായ ‘സ്മിർണി’ മുംബൈയിലെത്തി. സൗദിയിലെ റാസ് തനൂറയിൽ നിന്ന് പുറപ്പെട്ട ഈ കപ്പലിലെ എണ്ണ എച്ച്.പി.സി.എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങി.

