ജറുസലേം: ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കൂടിക്കാഴ്ച നടത്തി. സുരക്ഷ, സാങ്കേതിക വിദ്യ, സാമ്പത്തിക രംഗം തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ ഇരുനേതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. (S Jaishankar meets Netanyahu, Decision to increase cooperation in security and technology sectors)
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ എസ്. ജയശങ്കർ, ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗുമായും പ്രതിരോധ മന്ത്രി ഗീഡിയാൻ സാറുമായും കൂടിക്കാഴ്ച നടത്തി. ബെന്യാമിൻ നെതന്യാഹുവിന്റെ വരാനിരിക്കുന്ന ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ ഈ യാത്ര. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ നെതന്യാഹു തന്നെ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും പശ്ചിമേഷ്യൻ മേഖലയിലെ സമാധാനവും സുരക്ഷയും ചർച്ച ചെയ്യുന്നതിനും ഈ സന്ദർശനം നിർണ്ണായകമായി.