

പനാജി: ഗോവയിൽ രണ്ട് റഷ്യൻ യുവതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ റഷ്യൻ വിനോദസഞ്ചാരി അലെക്‌സി ലിയോനൊവ് (37) അറസ്റ്റിലായി. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ വടക്കൻ ഗോവയിലെ അരംബോളിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട രണ്ടുപേരും റഷ്യൻ സ്വദേശികളാണ്. അലെക്‌സിയുടെ ലിവ്-ഇൻ പങ്കാളിയായിരുന്ന എലെന കസാത്തനോവ (37), എലെന വനീവ (37) എന്നിവരാണ് കൊല്ലപ്പെട്ടത്.
അലെക്‌സിയുടെ ലിവ്-ഇൻ പങ്കാളിയായിരുന്നു എലെന കസാത്തനോവ. അരംബോളിലെ ഇവരുടെ വാടകമുറിക്കുള്ളിൽ കൈകൾ പുറകോട്ട് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. കഴുത്തറുത്താണ് ഇവരെ കൊലപ്പെടുത്തിയത്. മുറിയിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയെ കണ്ട് അലെക്‌സി ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
അലെക്‌സിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാമത്തെ കൊലപാതക വിവരം പുറത്തുവന്നത്. ജനുവരി 14-ന് മോർജിമിലെ വാടകമുറിയിൽ വെച്ച് തന്റെ സുഹൃത്തായ വനീവയെയും ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം 40 മണിക്കൂറോളം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.
പ്രതി അലെക്‌സി ലിയോനൊവ് ഒരു 'ഫയർ ഡിസ്‌പ്ലേ' (Fire Display) കലാകാരനാണെന്ന് പോലീസ് അറിയിച്ചു. ബിസിനസ് വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. കൊല്ലപ്പെട്ട രണ്ടുപേരെയും ഒരേ രീതിയിലാണ് (Modus Operandi) ഇയാൾ വധിച്ചതെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അരംബോളിലെയും മോർജിമിലെയും പോലീസ് സ്റ്റേഷനുകളിൽ രണ്ട് വെവ്വേറെ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വടക്കൻ ഗോവയിലെ വിനോദസഞ്ചാര മേഖലകളിൽ വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണിത്.