
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച് റഷ്യ(Taliban). മോസ്കോയിലെ പുതുതായി നിയമിതനായ അഫ്ഗാൻ അംബാസഡർ ഗുൽ ഹസ്സൻ ഹസ്സന്റെ യോഗ്യതാപത്രങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചതായി വ്യാഴാഴ്‌ച റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാഷ്ട്രമായി മാറിയിരിക്കുകയാണ് റഷ്യ. മോസ്കോയുടെ വിദേശനയത്തിലെ സുപ്രധാന മാറ്റമായാണ് ഇതിനെ കാണുന്നത്. മാത്രമല്ല; പ്രഖ്യാപനം, താലിബാൻ ഭരണകൂടവുമായി കൂടുതൽ അന്താരാഷ്ട്ര ഇടപെടലിന് വഴിയൊരുക്കിയേക്കാമെന്നും വിലയിരുത്തലുണ്ട്.
അതേസമയം റഷ്യയുടെ അംഗീകാരത്തെ "ചരിത്രപരമായ ഒരു ചുവടുവയ്പ്പ്" എന്നാണ് അഫ്ഗാനിസ്ഥാൻ വിശേഷിപ്പിച്ചത്. എന്നാൽ റഷ്യ, താലിബാൻ സർക്കാരിനെ അംഗീകരിച്ചതിൽ മറ്റു രാഷ്ട്രങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.