ഫിറോസ്പുർ: പഞ്ചാബിലെ ഫിറോസ്പുരിൽ മുതിർന്ന ആർ.എസ്.എസ്. നേതാവിൻ്റെ മകനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ആർ.എസ്.എസ്. നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറ (32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നവീൻ അറോറയെ വെടിവച്ച് കൊലപ്പെടുത്തിയത്.(RSS leader's son shot dead, protests in Punjab)
ഫിറോസ്പുരിലെ മെയിൻ ബസാറിൽ വ്യാപാരിയായിരുന്ന നവീൻ അറോറ കടയടച്ച് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ബാബ നൂർ ഷാ വാലി ദർഗയ്ക്ക് സമീപത്തുവെച്ച് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ നവീൻ അറോറയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലയാളികളെ ഉടൻ പിടികൂടി നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിക്കുകയാണെന്ന് ബി.ജെ.പി. നേതാവ് ഹീര സോധി അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ ഫിറോസ്പുരിലെ വ്യാപാരികളും കടുത്ത പ്രതിഷേധത്തിലാണ്.
കൊലയാളികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തുന്നത്. എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നോ ആരാണ് കൊലയാളികളെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.